ചരിത്രാതീത കാലം മുതല്ക്കുതന്നെ സഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തു പോന്ന ഏഴിമല രാമന്തളി ഗ്രാമപഞ്ചായത്തിലാണ്. ചരിത്ര വിദ്യാര്‍ത്ഥികളേയും , പ്രകൃതി സ്നേഹികളേയുംമാത്രമല്ല മോക്ഷമാര്‍ഗ്ഗങ്ങാളാരായുന്ന തീര്‍ത്ഥാടകരേയും ഏഴിമല എന്നും ഒരുപോലെ ആകര്‍ഷിക്കുന്നു. ചരിത്രവും പുരാവൃത്തവും ഇഴവേര്‍പെടുത്താനാകാത്ത വിധം കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു സ്ഥലരാശിയാണിത്. ലങ്കയില്‍ രാമരാവണയുദ്ധ വേളയില്‍ മൃതസമാനരായി ചമഞ്ഞ ലക്ഷ്മണന്‍ ഉള്‍പ്പെടെയുളള പടയാളികളെ ജീവിപ്പിക്കുന്നതിനുളള മൃതസഞ്ചീവനി തേടി ഹിമാലയത്തിലെത്തിയ ഹനുമാന്‍ ആയത് പര്‍വ്വതത്തോടെ കടപുഴകി കൊണ്ടുപോകുമ്പോള്‍ ഒരല്പം വീണുപോയതാണെത്രേ ഏഴിമലയെന്നാണ് ഭക്തജന വിശ്വാസം.
മൂഷിക വംശത്തിന്റെ തലസ്ഥാനമായിരുന്നു ഏഴിമല. അകനാനൂറിനും പുറനാനൂറിലും ഏഴിമലയെക്കുറിച്ച് പരാമര്‍ശമുണ്ട്. അവിടുത്തെ പ്രധാനിയായ ഭരണാധികാരിയായിരുന്നു നന്ദന്‍. മൂഷിക വംശത്തിന്റെ തലസ്ഥാനമായതിനാല്‍ഇതി എലിമലയായെന്നും പിന്നീട് ഏഴിമലയായി പരിണമിച്ചുവെന്നുമാണ് അഭിപ്രായം. ഏഴ് മല ഏഴിമല ആയതാണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. അറബി സഞ്ചാരിയായ ഇബന്‍ബത്തൂത്തയും ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളോ കോന്റിയും ഏഴിലയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സഞ്ചാരരംഗത്ത് പ്രസിദ്ധനായ ബര്‍ബോസ ഏഴിമല സന്ദര്‍ച്ചപ്പോള്‍മുസ്ലീങ്ങളുടെ ആധിപത്യം അവിടെ സ്ഥാപിക്കപ്പെട്ടിരുന്നുവത്രേ. ചരിത്രപരമായ ഇത്തരം വസ്തുതകള് ചരിത്രാന്വേഷകരേയും പ്രകൃതിയുടെ ജൈവവൈവിദ്ധ്യം പരിസ്ഥിതി പ്രവര്ത്തകരെയും , പ്രകൃതി സ്നേഹികളേയും വൃത്തസംബന്ധിയായ വിഷയങ്ങള്‍ തീര്‍ത്ഥാടക ടൂറിസ്റ്റുകളേയും ഏഴിമലയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

No comments: